ഈ ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലേയ്ക്ക്

പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കാന്‍ മൂന്ന് വിത്യസ്ത ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലേയ്‌ക്കെത്തുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്നതാണ് ചിത്രത്തിലെ ഒരുഗാനം. പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം.

അതേസമയം ചിത്രത്തിലെ മറ്റൊരു ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകന്റെ ഉള്ളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ 35 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം കണ്ടത്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് ഗാനത്തിലെ വരികള്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജോമോന്‍ ടി ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്‌കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഡിയര്‍ കോമ്രേഡ്

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിയര്‍ കോമ്രേഡിലെ ‘മധുപോലെ പെയ്ത മഴയില്‍…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ചിത്രത്തിനുവേണ്ടിയുള്ള കോമ്രേഡ് ആന്തം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ്.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍

‘നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.

ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങള്‍ ഇടം നേടിയിട്ടുണ്ട് ട്രെയ്‌ലറില്‍. അതോടൊപ്പം തന്നെ പ്രേക്ഷകരില്‍ ആകാംഷയും നിറയ്ക്കുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍. സംഗീതത്തിനും ഹാസ്യത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഇത് ശരി വയ്ക്കുന്നു.

അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍ എന്നതാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍ യേശുദാസ്, എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍ എന്നിവരാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.