സ്‌കൂട്ടര്‍ വിറ്റുകിട്ടിയ പണം ദുരിതബാധിതര്‍ക്ക്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ ചിത്രം വരച്ചുനല്‍കി പ്രോത്സാഹനം: ആദി സൂപ്പറാണ്

മറ്റുള്ളവരുടെ വിഷമതകളെയും വേദനകളെയും സ്വന്തമായി കരുതാന്‍ ചിലര്‍ക്കേ കഴിയൂ. കേരളം മഴക്കെടുതിയില്‍ വേദനിയ്ക്കുമ്പോള്‍ ആദിയുടെ മനസു നിറയെ ദുരിതബാധിതരായിരുന്നു. അവര്‍ക്കൊരു കൈസഹായം അത് മാത്രമാണ് അവന്റെ ഉള്ളു നിറയെ. അതുകൊണ്ടാണല്ലോ തനിക്ക് പ്രിയപ്പെട്ട സ്‌കൂട്ടര്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദി നല്‍കിയത്.

69,000 രൂപയ്ക്ക് വാങ്ങിയ സ്‌കൂട്ടര്‍ 40,000 രൂപയ്ക്കാണ് ആദി അയല്‍വാസിയ്ക്ക് വിറ്റത്. ഈ തുക ആദി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. ‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും’ ഇങ്ങനെ കുറിച്ചുകൊണ്ട് ആദി തന്റെ പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ആദിയുടെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Read more:ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

മഴക്കെടുതിയില്‍ നിന്നും അതിജീവനത്തിലേയ്ക്ക് നടന്നുകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് ആദി നല്‍കുന്നത് വലിയ പ്രോത്സാഹനമാണ്. 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡെപ്പോസിറ്റ് ചെയ്ത ശേഷം സ്‌ക്രീന്‍ഷോട്ടും ഫോട്ടോയും നല്‍കിയാല്‍ ആദി അവരുടെ ചിത്രം വരച്ചുകൊടുക്കുകയും ചെയ്യും. മികച്ച ഒരു ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ് ആദി.