നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ, വൈറസിലെ ഈ പ്രത്യേകതകള്‍: ശ്രദ്ധേയമായി വീഡിയോ

August 7, 2019

ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് നിപാ കാലത്തെ ഓര്‍മ്മിക്കാനാവില്ല. നിപായില്‍ മരണം കവര്‍ന്നവരെയും. നിപാ ഓര്‍മ്മയില്‍ ഒരുക്കിയ വൈറസ് എന്ന ചിത്രവും മികച്ച പ്രേക്ഷക ശ്രദ്ധ നേടി. നിപാ വൈറസിനെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഭയത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന വൈറസ് പ്രേക്ഷകന്റെ ഉണ്ണുലയ്ക്കുന്നു, ഭയം നിറയ്ക്കുന്നു, ഓടുവില്‍ ആശ്വസിപ്പിക്കുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ചില മികവുകള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ.

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’.

Read more:“എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിന്‍”; ചിരിപടര്‍ത്തി കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍: വീഡിയോ

ട്രെയ്‌ലര്‍ പുറത്തിറയങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വൈറസ്. ചിത്രം തീയറ്ററുകളിലെത്തിയതോടെ നിരവധി പേര്‍ നിപാ കാലത്തിന്റെ ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് വൈറസ് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.