സോഷ്യൽ മീഡിയയുടെ മനംകവർന്ന ഈ ഗായകൻ ഇനി സിനിമയില്‍: വീഡിയോ

മനോഹര സംഗീതത്തിൽ സ്വയം മറന്നിരിക്കാത്തവരായി ലോകത്ത് ആരുമില്ല. അത്രമേൽ ആർദ്രമാണ് സംഗീതം. കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ പാട്ടുപ്രേമികളുടെ ഹൃദയം കവരുകയാണ് തിരുമൂർത്തി എന്ന അന്ധഗായകൻ. ‘കണ്ണാന കണ്ണൈ’ എന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ ഇടംനേടിയ തിരുമൂർത്തിയ്ക്ക് ഇപ്പോൾ സിനിമയിൽ പാട്ട് പാടാൻ അവസരം ലഭിച്ചിരിക്കുകയാണ്.

തിരമൂർത്തി പാട്ട് പാടുന്നതിന്റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇമ്മൻ ഈ കലാകാരനെ കണ്ടെത്തി തരണമെന്ന് സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ കണ്ടെത്തി. ഇതോടെ തിരുമൂർത്തിയ്ക്ക് സിനിമയിൽ പാടാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഇമ്മൻ. അദ്ദേഹം ഇത് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചു. അതുപോലെ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു പാട്ട് പാടിയ രാണു മൊണ്ടാലിന്റെ പാട്ട് മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. ഇപ്പോഴിതാ സിനിമ പിന്നണി ഗായിക കൂടിയായിരിക്കുകയാണ് രാണു.