ജോജു പറഞ്ഞു, ദളപതിയായി കാളിദാസ്; കൈയടിച്ച് ആരാധകർ: വീഡിയോ

വിത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ജയറാമിനെപ്പോലെത്തന്നെ ആരാധകരുള്ള താരമാണ് മകൻ കാളിദാസും. ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരവും വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ അച്ഛനെപോലെത്തന്നെ മികച്ചൊരു മിമിക്രി കലാകാരൻ കൂടിയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹാപ്പി സര്‍ദാറിന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയിലാണ് നടന്‍ ജോജു ജോര്‍ജ്ജിന്റെ ആവശ്യ പ്രകാരം കാളിദാസ് വിജയ്‌യുടെ ശബ്ദം അനുകരിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ ഇത് ഏറ്റെടുത്തത്.

അതേസമയം കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്.

ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം.