ദേ, ഇതാണ് ഒരു രൂപയ്ക്ക് ഇഡ്ഢലിയും സാമ്പാറും ചട്‌നിയും നല്‍കുന്ന ആ മുത്തശ്ശിയമ്മ: വീഡിയോ

തലവാചകം വായിക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. ഒരു രൂപയ്ക്ക് ഇഡ്ഢലി കിട്ടുമോ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട. സംഗതി സത്യമാണ്. ഒരു രൂപയ്ക്ക് ഇഡ്ഢലിയും ഒപ്പം സാമ്പാറും ചട്‌നിയും നല്‍കുന്ന ഒരാളുണ്ട്. ഒരു മുത്തശ്ശിയമ്മ. ഇത് വെറുമൊരു മുത്തശ്ശിക്കഥയല്ല… കമലത്താള്‍ എന്ന മുത്തശ്ശിയമ്മയുടെ ജീവിതമാണ്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കമലത്താള്‍ എന്ന മുത്തശ്ശിയമ്മ ഇടം നേടിയിട്ടുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വാദിവേലമ്പാളയത്തിലാണ് കമലത്താള്‍ എന്ന മുത്തശ്ശിയമ്മയുടെ ഇഡ്ഢിലി ലഭിയ്ക്കുന്നത്. കമലത്താളിന്റെ കഥ കേട്ടറിഞ്ഞ് ദിവസവും നിരവധി പേരാണ് ഇഡ്ഢിലി കഴിയ്ക്കാനായി ഇവരുടെ കടയില്‍ എത്താറുള്ളതും.

ഇഡ്ഢലി മുത്തശ്ശി എന്നാണ് കമലത്താള്‍ക്ക് സോഷ്യല്‍മീഡിയ ചാര്‍ത്തി നല്‍കിയിരിക്കുന്ന പേര്. 80 വയസ്സുണ്ട് ഈ ഇഡ്ഢലി മുത്തശ്ശിക്ക്. വര്‍ഷങ്ങള്‍ ഏറെയായി കമലത്താള്‍ ഇഡ്ഢലി വില്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു ദിവസം ആയിരത്തോളം ഇഡ്ഢലി കമലത്താള്‍ ഉണ്ടാക്കാറുണ്ട്. ഈ മുത്തശ്ശിയമ്മയുടെ ഇഡ്ഢലിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തമായി ഉണ്ടാക്കുന്ന മാവുകൊണ്ടാണ് കമലത്താള്‍ ഇഡ്ഢലി ഉണ്ടാക്കുന്നത്. ആവശ്യമായ മാവ് തലേദിവസമേ അരച്ച് വയ്ക്കും. പിറ്റേന്ന് രാവിലെ തന്നെ ഇഡ്ഢലി ഉണ്ടാക്കാന്‍ തുടങ്ങും. ഒരു ദിവസം അരയ്ക്കുന്ന മാവ് പിറ്റേദിവസത്തേയ്ക്ക് മാറ്റിവയ്ക്കുന്ന ശീലങ്ങളൊന്നും ഇഡ്ഢലി മുത്തശ്ശിയ്ക്ക് ഇല്ല. കമലത്താളിന്റെ കടയില്‍ ചെല്ലുന്നവര്‍ക്ക് ആലിലയിലോ തേക്കിലയിലോ ആണ് സാമ്പാറും ചട്‌നിയും ചേര്‍ത്ത് ഇഡ്ഢലി വിളമ്പുക.

പത്ത് മര്‍ഷമേ ആയുള്ളു കമലത്താള്‍ ഇഡ്ഢലിയ്ക്ക് ഒരു രൂപ ആക്കിയിട്ട്. അതിന് മുമ്പ് അമ്പത് പൈസയായിരുന്നു. ഇഡ്ഢലിയ്ക്ക് ഇത്രയും വില കുറച്ച് നല്‍കുന്നതിലും ഒരു കാരണമുണ്ട്. കമലത്താളിന്റെ സ്വദേശമായ വാദിവേലമ്പാളയത്തില്‍ അധികവും സാധാരണക്കാരാണ്. ചെറിയ കൂലിയ്ക്ക് ജോലി ചെയ്യുന്നവര്‍. ചെറിയ തുകയ്ക്ക് ഇവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുക എന്നതാണ് കമലത്താളിന്റെ ലക്ഷ്യം.