ഇഷ്ടതാരത്തിന് കാലുകൊണ്ടു ചിത്രം വരച്ചു നല്‍കി; പ്രണവിനൊപ്പം സെല്‍ഫിയെടുത്ത് സച്ചിന്‍: കൈയടിച്ച് സോഷ്യല്‍മീഡിയ

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ക്ക് വലിയ കഥകള്‍ പറയാനുണ്ടാകും. കാഴ്ചക്കാര്‍ അറിയാതെ തന്നെ ഹൃദയംകൊണ്ട് കൈയടിച്ചുപോകാറുണ്ട് ഇത്തരം ചിത്രങ്ങള്‍ക്ക്. ഇത്തരമൊരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നതും. ചിത്രത്തിലെ ഒരാളെ പരിചയമില്ലാത്തവര്‍ ഉണ്ടാവില്ല, ഇന്ത്യന്‍ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിനൊപ്പം ഈ ചിത്രത്തില്‍ ചേര്‍ന്നു നില്‍ക്കുന്നതാണ് പ്രണവ്.

പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്വദേശിയാണ് പ്രണവ്. 21 വയസ് പ്രായം. പ്രണവിന് ജന്മനാ കൈകളില്ല. എന്നാല്‍ പ്രണവ് വളരെ നന്നായി ചിത്രങ്ങള്‍ വരയ്ക്കും, തന്റെ കാലുകള്‍ക്കൊണ്ട്. സച്ചിനെ കാണണമെന്നതും പ്രണവിന്റെ വലിയ ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രണവ് സച്ചിനെ കണ്ടു. കാലുകൊണ്ട് വരച്ച സച്ചിന്റെ ചിത്രവും താരത്തിന് നല്‍കി. ഇരുവരും ചേര്‍ന്ന് സെല്‍ഫിയുമെടുത്തു.

Read more:മാര്‍ഗ്ഗംകളിയുമായി മോഹന്‍ലാല്‍; കൈയടി നേടി ‘ഇട്ടിമാണി’യിലെ ഗാനം: വീഡിയോ

ജീവിതത്തില്‍ ഏറെ അനുഗ്രഹത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാണ് പ്രണവിന് സച്ചിന്‍ നല്‍കിയ ആശംസ. എന്തായാലും സച്ചിനും പ്രണവും ഒന്നിച്ചുള്ള ഈ സെല്‍ഫി ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.