ഓർമ്മകളിൽ എന്നെന്നും യുവി; ഒരു ഓവറിലെ ആറു സിക്സറുകൾക്കിന്ന് 12 വയസ്; വീഡിയോ

ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ കുറിക്കപ്പെട്ട ഒരു വിസ്മയ പ്രകടനമുണ്ട് യുവരാജ് സിങ്, എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടർക്ക്. ഒരു ഓവറിലെ ആറ് പന്തുകളും സിക്‌സ് പായിച്ച് ആരാധകുടെ പ്രിയപ്പെട്ട യുവി കാണികളെ അമ്പരപ്പിച്ച മുഹൂര്‍ത്തം. എത്ര കണ്ടാലും പിന്നയും പിന്നെയും കാണാന്‍ കാണികളെ പ്രേരിപ്പിക്കുന്ന യുവിയുടെ മാസ്മരിക പ്രകടനം. ഈ അത്ഭുത പ്രകടനത്തിന് ഇന്ന് 12 വയസ് തികയുകയാണ്.

2007- ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടി20 മത്സരത്തിലായിരുന്നു യുവരാജ് സിങ്ങ് ആറുകൊണ്ട് ആറാട്ടു നടത്തിയത്. ടി20 യുടെ ചരിത്രത്തില്‍ ആദ്യത്തെയും ക്രിക്കറ്റ് ചരിത്രത്തില്‍ നാലാമത്തെയും തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ഒരു ഓവര്‍ മുഴുവന്‍ സിക്‌സ് പായിക്കുന്നത്.

2000 ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്. യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ സ്നേഹത്തോടെ വിളിക്കുന്നത്. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.

ബാറ്റുകൊണ്ടും ബോളുകൊണ്ടും കളിക്കളത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന യുവിയുടെ ആ മാസ്മരിക പ്രകടനം ഒരിക്കൽ കൂടി കാണാം..