ചോളവും ആരോഗ്യഗുണങ്ങളും

വഴിയോരങ്ങളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ചോളം. ചുട്ട ചോളവും, പുഴുങ്ങിയ ചോളവുമൊക്കെ പലരും ധാരാളമായി വാങ്ങിക്കഴിക്കാറുണ്ട്. എന്നാൽ മിക്കവർക്കും അറിയില്ല ചോളത്തിന്റെ ആരോഗ്യഗുണങ്ങൾ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോളം. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചോളത്തിന് സാധിക്കും, അതുകൊണ്ട് പ്രമേഹരോഗികൾക്ക് ചോളം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇതിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.

തടി കൂടാൻ വളരെ നല്ലതാണ് ചോളം കഴിക്കുന്നത്. ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന്റെ ഭാരം കൂടുന്നതിന് സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ചോളത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റ കാഴ്ചശക്തിയ്ക്ക് സഹായകമാകുന്ന ഒന്നാണ്.

ചർമ്മസംബന്ധമായ അസുഖങ്ങൾക്കും ചോളം ഒരു ഉത്തമ പരിഹാരമാണ്. അതോടൊപ്പം സൗന്ദര്യ വർധക വസ്തുക്കളിൽ അസംസ്കൃത വസ്തുവായും ചോളം ഉപയോഗിക്കാറുണ്ട്.

Read also: ‘ഹലോ എന്നെ തുറന്നുവിടൂ’; സംസ്കാരച്ചടങ്ങുകൾക്കിടെ പെട്ടിയിൽ നിന്നും ശബ്ദം, ഞെട്ടലോടെ നാട്ടുകാർ, വീഡിയോ

ചോളം ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ എന്നിവടങ്ങിലാണ്. പഞ്ചാബ് ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും ചോളം കൃഷി ചെയ്യുന്നു. പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും ചോളമാണ്. ഏറ്റവും കൂടുതൽ പോഷക ഗുണങ്ങളുള്ള ധാന്യ വർഗങ്ങളിൽ പ്രധാനിയാണ് ചോളം.