8000 വർഷം പഴക്കമുള്ള പവിഴം കണ്ടെത്തി; ലോകത്തിലെ ഏറ്റവും പഴക്കമുള്ള പവിഴമെന്ന് ശാസ്ത്രലോകം

പണ്ടുമുതലെ കഥകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ പവിഴത്തെ അടുത്തറിഞ്ഞവരാണ് നമ്മൾ.. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു പവിഴമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്.  ഒന്നും രണ്ടുമല്ല 8000 വർഷം പഴക്കമുള്ള പവിഴമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അബുദാബിയിലെ മറാവ ദ്വീപിൽ നടത്തിയ ഖനനത്തിലാണ് 8000 വർഷത്തിലധികം പഴക്കമുള്ള പവിഴം ഗവേഷകർ കണ്ടെത്തിയത്.

എന്തായാലും നിരവധിയാളുകളാണ് ഈ പവിഴം കാണുന്നതിനായി പുരാവസ്തു ഗവേഷകരെ സന്ദർശിക്കുന്നത്. എന്നാൽ  ഒക്ടോബർ 30 ന് ഈ അബുദാബി പേൾ പൊതുപ്രദർശനത്തിന് വയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നവീന ശിലായുഗത്തിൽ കാണപ്പെട്ടിരുന്ന പവിഴമാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ശിലായുഗത്തിൽ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന നിരവധി പാത്രങ്ങളും മുത്തുകളുമടക്കം ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അടുത്തിടെ കൃഷിക്കായി പാടം ഉഴിയുന്നതിനിടെ ഒരു കർഷകന് ലഭിച്ച സ്വർണ്ണവളയും വാർത്തകളിൽ ഇടംനേടിയിരുന്നു.  4000 വർഷം പഴക്കമുള്ള സ്വർണ്ണമാണ് പാടത്തുനിന്നും ലഭിച്ചത്. കംബ്രിയയിലെ ബില്ലി വോൺ എന്ന വ്യക്തിക്കാണ് വർഷങ്ങൾ പഴക്കമുള്ള നിധി തന്റെ പാടത്ത് നിന്നും ലഭിച്ചത്. ഇതും വാർത്തകളിൽ ഇടം നേടിയിരുന്നു.