ചിറകുകളേകണം ഓരോ വീട്ടമ്മമാരുടേയും ആഗ്രഹങ്ങള്‍ക്ക്; ശ്രദ്ധ നേടി ‘ഹാര്‍ട്ടീസ് ഡേ ഔട്ട്’: വീഡിയോ

November 12, 2019

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ‘ഹാര്‍ട്ടീസ് ഡേ ഔട്ട്’ എന്ന ഹ്രസ്വചിത്രം. അടുക്കളയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ സ്വപ്‌നങ്ങളെ പൂട്ടിവയ്‌ക്കേണ്ടി വരുന്ന വീട്ടമ്മമാരെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ഷോര്‍ട്ട്ഫിലിം.

ഹാര്‍ട്ടി എന്ന വീട്ടമ്മയാണ് ഈ ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വീട്ടമ്മ എന്ന നിലയില്‍ മാത്രം ഒതുങ്ങിക്കൂടാതെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കുന്നുണ്ട് ഹാര്‍ട്ടി. തന്റെ സന്തോഷങ്ങള്‍ക്ക് പരിഗണന ലഭിക്കപ്പെടണമെന്നു ആഗ്രഹിക്കുന്ന ഹാര്‍ട്ടി തന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരം ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയാണ്. ഒന്നില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല, മറിച്ച് ധൈര്യപൂര്‍വ്വം അവസരങ്ങള്‍ വിനിയോഗിക്കുകയാണ് ഹാര്‍ട്ടി.

Read more:കാളിദാസ് ജയറാം നായകനായി ‘ഹാപ്പി സര്‍ദാര്‍’; ശ്രദ്ധേയമായി ‘ഹേയ് ഹലോ ഗാനം’: വീഡിയോ

കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. വീട്ടമ്മയായ ഒരു സ്ത്രീക്ക് ഭര്‍ത്താവും അച്ഛനും അമ്മയുമൊക്കെ നല്‍കുന്ന പിന്തുണയും പ്രേത്സാഹനവുമൊക്കെ എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ഈ ഹ്രസ്വചിത്രം.

വിവേക് ജോസഫ് വര്‍ഗീസാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. നിരവധി ചലച്ചിത്ര മേളകളില്‍ ഇടം നേടിയ ‘ഹാര്‍ട്ടീസ് ഡേ ഔട്ട്’ എന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്‍ക്കട്ട ഇന്റര്‍നാഷ്ണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും ഈ ഷോര്‍ട്ട് ഫിലിം സ്വന്തമാക്കിയിരുന്നു.