ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും എം എസ് ധോണി പുറത്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയെ അടുത്ത വര്‍ഷത്തേക്കുള്ള കരാര്‍ പട്ടികയില്‍ നിന്നും ബിസിസിഐ പുറത്ത്. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു താരം. അതേസമയം ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നുകൂടി പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

അതേസമയം ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

അഞ്ച് കോടി വാര്‍ഷിക വരുമാനമുള്ള എ ഗ്രേഡ് പട്ടികയില്‍ 11 താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് എ ഗ്രേഡ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

മൂന്ന് കോടി രൂപ വാര്‍ഷിക വരുമാനമുള്ള ബി ഗ്രേഡ് ലിസ്റ്റില്‍ അഞ്ച് താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, യുസ്വേന്ദ്ര ചാഹല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ബി ഗ്രേഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍. കേദാര്‍ ജാദവ്, നവദീപ് സയ്‌ന, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.