ചിരിക്കാന്‍ മടിക്കേണ്ട, ഉള്ളു തുറന്ന് ചിരിച്ചോളൂ…

എല്ലാവരും സന്തോഷമാഗ്രഹിക്കുന്നു… ഉള്ളുതുറന്ന് ചിരിക്കാനും സന്തോഷിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.. മനോഹരമായ ചില  ചിരികൾ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി. ചിരിക്കുമ്പോൾ ആയുസ് കൂടുമെന്ന് പല പഠനങ്ങളും പറഞ്ഞ് കേൾക്കാറുണ്ട്. ആയുസ്സിന് മാത്രമല്ല ആരോഗ്യത്തിനും ബെസ്റ്റാണ് ഉള്ളു തുറന്നുള്ള ചിരികൾ.

ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കും. ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ അതുകൊണ്ടുതന്നെ ചിരിയിലൂടെ സാധിക്കും. ചിരി ഹൃദ്രോഗം തടയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

ചിരി ആയുസ് വർധിപ്പിക്കും. മാനസീക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സഹായിക്കും. വിഷാദ രോഗികളെ വിഷാദത്തിൽ നിന്നും അകറ്റാൻ ചിരി സഹായിക്കുന്നു. വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കും. അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യും. മനുഷ്യരെ സന്തോഷിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് ചിരി.

ചെറിയ ചെറിയ സന്തോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ പരമാവധി ആസ്വാദ്യകരമാക്കണം. ഒരു പക്ഷെ പിന്നീടൊരിക്കലും ഈ ഒരനുഭവം ജീവിതത്തില്‍ ലഭിച്ചെന്നു വരില്ല. സന്തോഷം പങ്കുവയ്ക്കപ്പെടുമ്പോഴാണ് കൂടുതല്‍ ഭംഗിയുള്ളതാകുന്നത്. മനസു തുറന്നുള്ള ചിരികൾ തരുന്ന ആശ്വാസങ്ങൾ  ചെറുതൊന്നുമല്ല. അതിനാൽ ചിരിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട.. മനസ് തുറന്ന് ചിരിക്കാം..