കേരളത്തിൽ 12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

ജാഗ്രതയ്‌ക്കൊപ്പം ആശങ്കയിലാഴ്ത്തുന്ന വാർത്തകൾ കൂടിയാണ് പുറത്തു വരുന്നത്. സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്നലെയും 12 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

3 പേർ കണ്ണൂർ ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും 6 പേർ കാസർകോട് ജില്ലയിലുമാണുള്ളത്. ഇപ്പോൾ ചികിത്സയിലുള്ളവർ 49 പേരാണ്.

കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണുള്ളത്. എറണാകുളത്ത് മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ എല്ലാവരും ഗൾഫിൽനിന്ന് വന്നവരാണ്.

കാസർകോട് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ഉള്ളത്.

അതേസമയം ഇന്ത്യയിൽ കൃത്യമായ കണക്കുകൾ അനുസരിച്ച് 298 പേരാണ് രോഗികളായി ഉള്ളത്. ഇതിൽ 219 പേര് ഇന്ത്യക്കാരും 39 പേര് വിദേശികളുമാണ്. അതേസമയം, മരണസംഖ്യ 11000 കടന്നതോടെ നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി വിവിധ രാജ്യങ്ങള്‍.