കേരളത്തില്‍ 12 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 40 രോഗികള്‍

കേരളത്തില്‍ പുതുതായി 12 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ എറണാകുളം ജില്ലയിലാണ്. ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂവില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. മെട്രോ അടക്കമുള്ള പൊതുഗതാഗതം അന്നേദിവസം നിശ്ചലമായിരിക്കും.

കാസര്‍ഗോഡ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ ജില്ലയില്‍ ഒരാഴ്ച അടച്ചിടും. ആരാധനാലയങ്ങള്‍ രണ്ട് ആഴ്ചയും അടച്ചിടും. കച്ചവ്വട സ്ഥാപനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള എല്ലാ പരീക്ഷകളും സര്‍ക്കാര്‍ മാറ്റി.