കോഴിക്കോടും കാസർകോടും നിരോധനാജ്‌ഞ; സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 67 ആയി

കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി (22-03-2020) ഒന്‍പത് മണിമുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേരളത്തിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 15 കൊവിഡ് കേസുകളാണ്. എറണാകുളം മലപ്പുറം കോഴിക്കോട് ജില്ലകളിൽ രണ്ടു പേർ വീതവും കാസർകോട് ജില്ലയിൽ അഞ്ച് പേർക്കും കണ്ണൂർ ജില്ലയിൽ നാല് പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം 67 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ. അതോടൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.