‘സംസ്ഥാനത്ത് 19 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു’: മുഖ്യമന്ത്രി

March 26, 2020

സംസ്ഥാനത്ത് 19 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. 136 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 102003 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് 19 ചികിത്സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 879 ആശുപത്രികള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെതന്നെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ 433 കമ്മ്യൂറ്റി കിച്ചണ്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചണ്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച കൊവിഡ് പ്രത്യേക പാക്കേജിനെ സ്വഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സ്ഥാപനങ്ങള്‍ നാളെ നടത്തും. കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ രജിസട്രേഷന്‍ നടക്കുക. സന്നദ്ധം എന്ന വെബ് പോര്‍ട്ടറിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യുവജനങ്ങള്‍ സാമൂഹിക സേവനം ഏറ്റെടുക്കാന്‍ അര്‍പ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.