കേരളത്തില്‍ 28 പേര്‍ക്കുകൂടി കൊവിഡ് 19; മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍

ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കേരളത്തില്‍ പുതുതായി 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 19 പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിനാല്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഭക്ഷ്യ- ഔഷധ വില്‍പന അടക്കമുള്ള അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ അഞ്ച് മണി വരെ മാത്രമേ തുറക്കൂ. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയപരിധി ബാധകമല്ല. റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. അതേസമയം ഓണ്‍ലൈന്‍ ഡെലിവറികള്‍ സാധ്യമാണ്. പൊതുഗതാഗതങ്ങള്‍ പൂര്‍ണമായും നിശ്ചലമായിരിക്കും.

ലോക്ക് ഡൗണ്‍ ആണെങ്കിലും എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് ആവിശ്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കും. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നത് കര്‍ശനമായി തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലകളിലും കൊവിഡ് ആശുപത്രികള്‍ പ്രത്യേകമായി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.