ലോക്ക് ഡൗൺ കാലത്തെ ശുഭവാർത്ത; ഇന്ത്യയിൽ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുമലിനീകരണം വ്യാപകമായി കുറഞ്ഞു

March 30, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഇതോടെ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90- ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ.

ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞു. ഡൽഹിക്ക് പുറമെ അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് കണ്ടെത്തി.

”ലോക്ക് ഡൗണിന്റെ ഫലമായി മലിനീകരണത്തിന്റെ തോത് കുറഞ്ഞു. വ്യവസായശാലകള്‍ പൂട്ടുകയും നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കുകയും ഗതാഗതം തീരെക്കുറയുകയും ചെയ്തതോടെ വായു മലിനീകരണം ഇല്ലാതായി” എന്നും സഫറിലെ ശാസ്ത്രജ്ഞനായ ഗുര്‍ഫാന്‍ ബെയ്ഗ് പറഞ്ഞു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.)കണക്കുകൾ പ്രകാരം നിരീക്ഷണത്തിലുള്ള നഗരങ്ങളിൽ 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലാണ്. 39 നഗരങ്ങള്‍ ‘നല്ലത്’ എന്ന വിഭാഗത്തിലും 51 എണ്ണം ‘തൃപ്തികരം’ എന്ന വിഭാഗത്തിലുമാണ് കണക്കാക്കിയിരിക്കുന്നത്.