‘നമ്മൾ ഇതെല്ലാം മറികടക്കും’- പാട്ടുപാടി കൊവിഡ് 19 ബോധവൽക്കരണവുമായി പോലീസ് ഉദ്യോഗസ്ഥ- വീഡിയോ

കൊവിഡ്-19 വ്യാപനം തടയുന്നതിനായി വിവിധ തരത്തിലുള്ള ബോധവൽക്കരണങ്ങൾ പൊതുജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്നുണ്ട്. പോലീസ് സേനയുടെ ഭാഗത്തു നിന്നും ഒട്ടേറെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്, പാട്ടുപാടി ബോധവൽക്കരണം നടത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ്. ബെംഗളൂരു അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തബാരക് ഫാത്തിമയാണ് വ്യത്യസ്തമായൊരു ബോധവൽക്കരണം നടത്തുന്നത്.

ആളുകളുടെ മധ്യത്തിൽ നിന്ന് കൊവിഡ്-19ന്റെ പ്രാധാന്യത്തെ കുറിച്ച് മൈക്കിലൂടെ സംസാരിക്കുകയാണ് എ സി പി. അതിനൊപ്പം തന്നെ നമ്മൾ ഇതെല്ലാം മറികടക്കുമെന്ന അർത്ഥത്തിലുള്ള ‘ഹം ഹോ​ഗേ കമിയാബ്?’ എന്ന ഗാനം ഓർമ്മയുണ്ടോ എന്ന് ചോദിക്കുന്നു. ഒപ്പം തന്നെ ആ ഗാനം ജനങ്ങൾക്കായി ആലപിക്കുകയുമാണ്.

ഗാനത്തിന്റെ യഥാർത്ഥ വരികൾ മാറ്റി കൈകഴുകുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും ആവശ്യകതയാണ് എ സി പി പാട്ടിലൂടെ പറയുന്നത്. സിറ്റി പോലീസിന്റെ ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.