ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ

കൊവിഡ്- 19 വ്യാപനത്തെ ചെറുക്കാന്‍ നിരവധി നിർദ്ദേശങ്ങളാണ് രാജ്യം മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി കമ്പനികൾ വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. വീട്ടിൽ ഇരുന്ന് ഇന്റർനെറ്റിൽ സിനിമകളും വാർത്തകളും കാണുന്നവരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ ഇരിക്കുന്നവർക്ക് സഹായവുമായി എത്തുകയാണ് സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.

ഒരു മാസത്തേക്ക് സൗജന്യ ഇന്റർ‌നെറ്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഎസ്എന്‍എല്‍. ടെലിഫോൺ/ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് സൗജന്യമായി നൽകും. ബി‌എസ്‌എൻ‌എൽ കണക്ഷൻ ഉള്ളവർക്ക് ടെലികോം ഓപ്പറേറ്റർ വഴി ബ്രോഡ്ബാൻഡ് ലൈനുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഒരു മോഡത്തിന്റ സഹായത്തോടെ ഇന്റെർനെറ്റ് കണക്ഷൻ ലഭ്യമാകും. ഇത് സംബന്ധിച്ച് വിവരങ്ങൾ ബി‌എസ്‌എൻ‌എൽ ഡയറക്ടർ (സി‌എഫ്‌എ) വിവേക് ബൻസാൽ ആണ് നൽകിയത്.

അതേസമയം ഈ സൗകര്യങ്ങൾ ഓൺലൈൻ ആയി നൽകുമെന്നും ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.