കൊറോണ ഹെൽമെറ്റ്; അവസാന അടവും പയറ്റി പൊലീസ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സമൂഹവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. പൊതുഗതാഗത മാർഗങ്ങളും സ്തംഭിപ്പിച്ചു. എന്നാൽ ദിവസവും നിരവധി സ്വകാര്യ വാഹനങ്ങളാണ് നിരത്തുകളിലൂടെ പായുന്നത്.

ഈ സാഹചര്യത്തിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും അനാവശ്യ യാത്രകൾ തടയുന്നതിനുമായി പൊലീസുകാരും രംഗത്തുണ്ട്. ശാസിച്ചും ഉപദേശിച്ചും ബോധവത്കരണം നടത്തിയ പൊലീസ് ഇപ്പോഴിതാ പുതിയ മാർഗവുമായി എത്തിയിരിക്കുകയാണ്. ‘കൊറോണ ഹെല്‍മെറ്റ്’ ആണ് പൊലീസിന്റെ പുതിയ ആയുധം. ചെന്നൈ പൊലീസാണ് പുതിയ ആയുധവുമായി റോഡുകളിൽ എത്തിയത്.

കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെല്‍മെറ്റ് ധരിച്ച് നിലവിലെ സാഹചര്യത്തില്‍ ആളുകളെ ബോധവത്കരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.