‘ഇടുക്കിയിൽ കൊവിഡ്‌ 19 ബാധിച്ച ജനപ്രതിനിധിയുടെ യാത്ര അമ്പരപ്പിക്കുന്നത്‌’ – മുഖ്യമന്ത്രി

കൊവിഡ്-19 വ്യാപനം തടയാനുള്ള പോരാട്ടങ്ങൾ ശക്തമായി തുടരുമ്പോഴും വളരെ പ്രതിസന്ധി നിറഞ്ഞ വഴികളിലൂടെയാണ് കേരളം പോകുന്നത്. ഇന്ന് മാത്രം 39 പേരാണ് അസുഖ ബാധിതരായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏറ്റവും ആശങ്ക ഉയർത്തുന്നത് ഇടുക്കിയിൽ കൊവിഡ്-19 ബാധിച്ച വ്യക്തിയുടെ യാത്രയാണെന്ന് മുഖ്യമന്ത്രി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എങ്ങനെ രോഗ ബാധിതനായി എന്നതിൽ വ്യക്തത ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കാസർകോട് ആണ് ഇന്ന് ഏറ്റവുമധികം രോഗബാധിതർ. 34 പേർക്കാണ് ഇന്നുമാത്രം കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്.

ഈ അവസരത്തിൽ ചില വ്യക്തികളുടെ പേരുകൾ പുറത്തുവിടേണ്ടി വരുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 164 ആയി. കണ്ണൂർ ജില്ലയിൽ 2 പേർക്കും തൃശ്ശൂരും കോഴിക്കോടും കൊല്ലത്തും ഓരോ ആളുകൾ വീതവും അസുഖബാധിതരാണെന്ന് കണ്ടെത്തി.