കൊവിഡ് 19: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 12 മണിമുതല്‍ രാജ്യം അടയ്ക്കും. സാമൂഹികമായ അകലം പാലിക്കലാണ് കൊവിഡ് 19-നെ ചെറുക്കാനുള്ള ഏറ്റവും ഉചിതമായ പ്രതിരോധമാര്‍ഗം. അതുകൊണ്ടുതന്നെ എല്ലാവരും വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് രാത്രി 12 മണി മുതല്‍ ആരും പുറത്തിറങ്ങരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 21 ദിവസങ്ങള്‍ നിര്‍ണായകമാണ്. എല്ലാവരും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് പ്രതിവിധി എന്നും നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം മാര്‍ച്ച് 22-ലെ ജനതാ കര്‍ഫ്യൂ വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നിന്നു. ജനതാ കര്‍ഫ്യൂവില്‍ ഉത്തരവാദിത്വം കാട്ടിയ ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു പ്രധാനമന്ത്രി.