“ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് എന്ന്, ഇനി ഓര് ഇങ്ങടെ കയ്യും കാലും പിടിക്കണായിരിക്കും”; മലബാര്‍ ഭാഷയില്‍ ശാസനയുമായി കൊച്ചുമിടുക്കി

പലതരത്തില്‍ ആശയങ്ങളുടെ വിനിമയം നടത്താം. കൊറോണക്കാലത്ത് വ്യത്യസ്ത രീതികളിലുള്ള ആശയവിനിമയങ്ങള്‍ക്കാണ് സോഷ്യല്‍മീഡിയ ദിനംപ്രതി സാക്ഷം വഹിക്കുന്നതും. കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചുമൊക്കെ നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ സംസാരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കിയിടെ ബോധവല്‍ക്കരണ വീഡിയോ. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ പ്രധാന മന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ പിന്തുണച്ചുകൊണ്ടാണ് മിടുക്കിയുടെ സംസാരം.

തനി നാടന്‍ ഭാഷയിലുള്ള സംസാര രീതി ഈ ബോധവല്‍ക്കരണത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ‘അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് പുറത്തിറങ്ങരുത് എന്ന്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ പറയുന്നതെന്താ.. ഇനി ഓര് ഇങ്ങടെ കയ്യും കാലും പിടിക്കണായിരിക്കും. ഈ കൊറോണാന്ന് പറേണത് ചങ്ങല പോലെ പടരുന്ന അസുഖമാണ്. ഇങ്ങള് നല്ലോണം ഒരുങ്ങി പുറത്ത് പോയി അവിടന്ന് അസുഖം വാങ്ങിച്ചോണ്ട് വരും…’

‘എന്നിട്ട് ഇങ്ങടെ പൊരേലെ കുട്യോള്‍ക്കും വയസന്‍മാര്‍ക്കും ഒക്കെ കൊടുക്കും. പിന്നെ അതൊക്കെ അവിടെ സ്പ്രെഡ് ആക്കും. ഞങ്ങള്‍ക്കൊന്നും സ്‌കൂളില്‍ പോകണ്ട. ഇങ്ങള്‍ക്ക് ഒന്നും പണിക്കും പോകണ്ട. നിങ്ങളൊക്കെ എത്രകാലംന്നു വച്ചാ വീട്ടിനകത്ത് ചൊറീം കുത്തി ഇരിക്യ… ചിലരൊക്കെ ഉണ്ട്, പള്ളീലും അമ്പലത്തിലും ഒക്കെ പോകുന്നവര്‍. പടച്ചോനോട് പ്രാര്‍ത്ഥിക്കുന്നതൊക്കെ നല്ല ശീലാണ്. എന്നാല്‍ ഇപ്പൊ വീട്ടി കുത്തീരുന്ന് പ്രാര്‍ത്ഥിച്ച ഇങ്ങളും മറ്റുള്ളോര്‍ക്ക് ദൈവാകും.’

കടുത്ത ശാസനയും ചേര്‍ത്താണ് മിടുക്കി ബോധവല്‍ക്കരണം നല്‍കുന്നത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ കൊച്ചുമിടുക്കിയുടെ ബോധവല്‍ക്കരണം.