ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. ഇതുവരെ 657 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ലോകത്ത് ആകെ 4,71,304 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 21,291 പേര്‍ കൊവിഡ് 19 മൂലം മരണപ്പെടുകയും ചെയ്തു.

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 ഇന്ന് 194 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. യുഎസിലും സ്‌പെയിനും അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. 7,503 പേര്‍ ഇറ്റലിയില്‍ വൈറസ് ബാധ മൂലം മരണപ്പെട്ടു. 3647 പേര്‍ സ്‌പെയിനിലും 3287 പേര്‍ ചൈനയിലും ഇതിനോടകംതന്നെ മരണപ്പെട്ടു.

അതേസമയം കൊവിഡ് 19 രോഗവ്യാപനം തടയാന്‍ ഇന്ത്യയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മൂന്ന് ആഴ്ചത്തേയ്ക്ക് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡ് 19 നെ ചെറുക്കാന്‍ ഉചിതമായ മാര്‍ഗം. അതുകെണ്ടുതന്നെ എല്ലാവരും വീട്ടില്‍തന്നെ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.