കൊവിഡ്‌-19: കാസർകോട് ജില്ലയിൽ കടുത്ത നിയന്ത്രണം

new Covid cases

കൊവിഡ്-19 ഭീതിയെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത ജാഗ്രത. ഇന്നലെ കാസർകോട് ജില്ലയിൽ മാത്രം ആറു കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് കർശനമായ നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധനാലങ്ങൾ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാനും സർക്കാർ സ്ഥാപനങ്ങൾ ഒരാഴ്ച്ചത്തേക്ക് തുറന്ന് പ്രവർത്തിക്കരുതെന്നും നിർദ്ദേശങ്ങളുണ്ട്. അതോടൊപ്പം കടകൾ തുറന്നു പ്രവർത്തിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 5 വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു. അതേസമയം നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ഇന്നലെ മാത്രം കേരളത്തിൽ 12 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കാസർകോടിന് പുറമെ പാലക്കാട്, എറണാകുളം എന്നി ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ അഞ്ചും പാലക്കാട് ഒന്നും വീതമാണ് കൊവിഡ്- 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.

കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (22-03-202) ജനതാ കര്‍ഫ്യൂ ആയി പ്രഖ്യാപിച്ചു.