”സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു”

March 24, 2020

കേരളത്തില്‍ 14 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. കേരളത്തില്‍ 105 പേരാണ് കൊവിഡ് 19 ന് ചികിത്സയിലുള്ളത്. ഇന്നു മാത്രം 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുട്ടുണ്ട്. സംസ്ഥാനത്ത് 467 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോയും ടാക്‌സിയും അവശ്യ സര്‍വീസുകള്‍ക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മീന്‍, ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ എഴ് മണി മുതല്‍ അഞ്ച് മണി വരെയായിരിക്കും തുറക്കുക. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള കടകള്‍ സംസ്ഥാനത്ത് തുറക്കില്ല. അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമായിരിക്കും സംസ്ഥാനത്ത് തുറക്കുക. കടയിലെത്തുന്നവര്‍ ക്യത്യമായി സമൂഹിക അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്. സാധനം വാങ്ങിയാല്‍ ഉടന്‍ മടങ്ങിപ്പോകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതൊരു അവസരമായി എടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനത്തില്‍ പോകുന്നവര്‍, എവിടെ പോകുന്നു, എന്തിനാണ് പോകുന്നത്, എപ്പോള്‍ തിരിച്ചുവരും എന്ന കാര്യങ്ങള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്‍കണം. ആള്‍ക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.