കൊവിഡ്-19: രോഗബാധയ്ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി

കൊവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ നിന്നാണ് ജനിതക ഘടന ഡികോഡ് ചെയ്തത്.

സ്‌മോറോഡിൻസ്റ്റേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയതിന് പിന്നിൽ. ഡികോഡ് ചെയ്തെടുത്ത ജനിതക ഘടനയുടെ ചിത്രങ്ങളും റഷ്യൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇത് കൊറോണ വൈറസിന്റെ സ്വാഭാവമടക്കമുള്ള കാര്യങ്ങൾ മനസിലാക്കുന്നതിന് സഹായിക്കും. അതോടൊപ്പം പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചെടുക്കുവാൻ ഇത് സഹായകമാകുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

‌കൊറോണ വൈറസിനെക്കുറിച്ച് പഠിക്കുന്ന ലോകത്തിലെ മറ്റ് ഗവേഷകർക്കും റഷ്യ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്.
‌ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. 2019 ഡിസംബർ അവസാനത്തോടെ കണ്ടെത്തിയ വൈറസ് ഇതിനോടകം ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന മാർച്ച് 11 ന് കൊവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചു.