കൊവിഡ് 19: മാര്‍ച്ച് 31 വരെ ‘ശീമാട്ടി’യുടെ ഷോറൂമുകള്‍ അടച്ചിടുമെന്ന് സിഇഒ ബീന കണ്ണന്‍

കൊവിഡ് 19 വ്യാപനം തടയാന്‍ കടുത്ത ജാഗ്രത തുടരുകയാണ് കേരളം. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രംഗത്തെത്തുന്നവരുടെ എണ്ണവും ചെറുതല്ല. കൊവിഡ് 19 നെതിരെ നിരവധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ശീമാട്ടിയും സര്‍ക്കാരിന് മികച്ച പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ശീമാട്ടി സിഇഒ ബീന കണ്ണന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ചാണ് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഷോറൂമുകള്‍ അടച്ചിടാന്‍ ശീമാട്ടിയുടെ അധികൃതര്‍ തീരുമാനിച്ചത്. അനുകരണീയമാണ് ഇത്തരം മാതൃകകള്‍.