രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏപ്രിൽ 14 വരെ നീട്ടി. അതേസമയം കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. ആഭ്യന്തര വിമാന സർവീസുകൾ മാർച്ച് 31 വരെയാണ് നിർത്തിവച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക് ഡൗൺ. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം ലോകത്ത് ഇതുവരെ 5,31,337 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചുകഴിഞ്ഞു. 24,058 പേര്‍ രോഗം മൂലം മരണത്തിന് കീഴടങ്ങി.

രാജ്യത്ത് എഴുനൂറില്‍ അധികം പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. 126 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ്- 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രമായി സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.