ഇറ്റലിയിൽ 101 വയസുകാരന് കൊവിഡ് ഭേദമായി; രോഗം ഭേദമായ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

കൊവിഡ്-19 നെ തുരത്താനുള്ള യത്നത്തിലാണ് ലോകം മുഴുവൻ. കൊവിഡ്-19 ഭീഷണി നിലനിൽക്കുന്നതിനാൽ മുതിർന്ന പൗരന്മാരെ കൂടുതൽ ശ്രദ്ധയോടെ പരിചരിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. വയോജനങ്ങളിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കൊവിഡ് ബാധിച്ചാൽ ഭേദപ്പെടാൻ ബുദ്ധിമുട്ടാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പ്രായമായവരിൽ കൊറോണ വൈറസ് മൂലമുള്ള മരണനിരക്കും കൂടുതലാണ്. എന്നാൽ ഇറ്റലിയിൽ 101 വയസ് പ്രായമായ ഒരാൾ രോഗവിമുക്തി നേടിയിരിക്കുകയാണ്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ രോഗം ഭേദമായ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും ഇദ്ദേഹം.

അതേസമയം ലോകത്ത് ഇതുവരെ 5,31,337 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചുകഴിഞ്ഞു. 24,058 പേര്‍ രോഗം മൂലം മരണത്തിന് കീഴടങ്ങി. 8215 പേരാണ് കൊവിഡ്- 19 മൂലം ഇറ്റലിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസം 712 പേരാണ് ഇറ്റലിയില്‍ മരിച്ചത്.