എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

March 25, 2020

കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. ഇതുപ്രകാരം ബിപിഎല്‍ വിഭാഗത്തിന് 35 കിലോ അരി സൗജന്യമായി ലഭിക്കും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും സൗജന്യമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക കിറ്റ് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരിക്ക് പുറമെ, പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി സൗജന്യമായി ലഭിക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുമാണ് പ്രവര്‍ത്തന സമയം. ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ രണ്ടു മണി വരെയുള്ള സമയം റേഷന്‍ കടകള്‍ അടച്ചിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.