ഈ ദിവസങ്ങളിൽ കുട്ടികൾക്ക് വേണം കൂടുതൽ കരുതലും ശ്രദ്ധയും; ശ്രദ്ധനേടി ഒരു കുറിപ്പ്

കൊറോണ ഭീതിയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിലാണ്. ഈ ദിവസങ്ങളിൽ കുട്ടികളുടെ കാര്യത്തിൽ വേണം കൂടുതൽ കരുതൽ. കുട്ടികൾ വീടുകളിൽ തന്നെ കഴിയേണ്ടിവരുന്നതോടെ അവരുടെ മാനസികാവസ്ഥയിലും മാറ്റങ്ങൾ വരും.

പലരും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് കളിയ്ക്കാൻ മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളുമാണ് നൽകുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും മാനസീക വളർച്ചയേയും ഹാനികരമായാണ് ബാധിക്കുന്നത്. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ നല്കാൻ കഴിയുന്ന കാര്യങ്ങൾക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

അഞ്ജു മിനേഷിന്റ ഫേസ്‍ബുക്ക് കുറിപ്പ് വായിക്കാം

സ്കൂളുകൾ അപ്രതീക്ഷിത അടവിലേക്കായിട്ട്‌ 10 ദിവസത്തിലേറെയായ്‌. ADHD തെറാപ്പിയിലായിരിക്കുന്ന പല കുഞ്ഞുങ്ങളിലും hyperactivity വല്ലാതെ കൂടിയിരിക്കുന്നതായ്‌ തോന്നുന്നു. ഇപ്പോൾ നമ്മൾ ലോക്ക്‌ഡൗണിലേക്ക്‌ നീങ്ങുമ്പോൾ അവസ്ഥ കുറച്ചു കൂടി കഷ്ടത്തിലാകും. കുട്ടികൾക്ക്‌ പൊതുവായ്‌ ഏർപ്പെടുത്തുന്ന ADHD ട്രീറ്റ്മെന്റിൽ outdoor activityക്ക്‌ വല്യ പങ്കുണ്ട്‌. അതില്ലാതെ വരുമ്പോൾ പലപ്പോഴും hyperactivity നിയന്ത്രണാതീതമാകും. സമ്മർ ക്യാമ്പും വേക്കേഷൻ ക്ലാസുകളും ഇല്ലാത്ത അവസ്ഥയിൽ ബോറടി മിക്ക കുഞ്ഞുങ്ങളിലും ചെറിയ തോതിലെങ്കിലും ഹൈപ്പർ ആക്ടിവിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്‌.

ലോക്ക്‌ ഡൗണിൽ നമുക്ക്‌ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി എന്തെല്ലാം ഒരുക്കാം..

2- 4 വയസ്സുള്ള പ്രീസ്കൂൾ കുഞ്ഞുങ്ങൾക്ക്‌

1. പാറ്റേണുകൾ വരക്കാൻ കൊടുക്കാം
2. കളിപ്പാട്ടങ്ങൾ തരം തിരിച്ച്‌ വെക്കാൻ പറയാം
3. കറിവേപ്പില, മുരിങ്ങയില ഇതൊക്കെ അടർത്താൻ സഹായം തേടാം
4. ന്യൂസ്‌ പേപ്പറുകൾ ചെറിയ കഷ്ണങ്ങളാക്കാൻ പറയുക

4 – 8 വയസ്സുള്ള കുഞ്ഞുങ്ങൾക്ക്‌

1. ഉള്ളി പൊളിക്കാനും വെളുത്തുള്ളി പൊളിക്കാനുമൊക്കെ ആവശ്യപ്പെടുക
2. ദിവസവും 5 വാക്കുകളുടെ സ്പെല്ലിംഗ്‌ പഠിപ്പിക്കുക
3. ന്യൂസ്‌ പേപ്പർ എടുത്ത്‌ വച്ച്‌ ഏതെങ്കിലും ഒരു അക്ഷരം പറഞ്ഞിട്ട്‌ അതു ഒരോ പാരഗ്രാഫിലും എവിടെയൊക്കെയുണ്ടെന്ന് കണ്ടു പിടിച്ച്‌ അടയാളപ്പെടുത്താൻ പറയുക
4. മെഴുക്കുപ്പുരട്ടിക്കായ്‌ അച്ചിങ്ങപ്പയർ ഒടിക്കാനും ചീരതണ്ട്‌ നുറുക്കാനുമൊക്കെ കൂടെക്കൂട്ടാം
5. നെത്തോലി മീൻ നന്നാക്കാൻ കൊടുക്കാം

8 – 12 വയസ്സുള്ളവർക്ക്‌

1. ചെറിയ പാചക കാര്യങ്ങളിൽ കൂട്ടാളിയാക്കാം
2. ന്യൂസോ കഥയോ എന്തെങ്കിലും വായിച്ച്‌ അതിൽ നിന്ന് മനസ്സിലായത്‌ പറഞ്ഞു തരാൻ ആവശ്യപ്പെടാം
3. പച്ചക്കറി നുറുക്കാനും കത്രിക ഉപയോഗിച്ച്‌ അയല പോലുള്ള ചെതുമ്പൽ ഇല്ലാത്ത മീനുകൾ നന്നാക്കാനും പറയാം
4. വീടു വൃത്തിയാക്കാനും തുണി അലക്കാനും പാത്രം കഴുകാനും സഹായം തേടാം
5. ഗുണനപട്ടികയും കവിതകളും ഓർമ്മിക്കാൻ ഈ സമയം ഉപയോഗിക്കാം

12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്‌

1. മുതിർന്നവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലാ വിധ ഉത്തരവാദിത്വത്തോടെ ചെയ്യാനും അവരെ പ്രേരിപ്പിക്കുക
2. യൂടുബിലും മറ്റും നോക്കി ചെറിയ പാചകങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുക
3. ചെറിയ തയ്യൽ ജോലികൾ എമ്പ്രോയിഡറി തുടങ്ങിയവ ചെയ്യാൻ പറയുക ഇതിനൊക്കെ സഹായിക്കുന്ന ആപ്പുകളും മറ്റും നെറ്റിൽ ലഭ്യമാണ്‌
4. അതു പോലെ നെറ്റിൽ നോക്കി ചെറിയ ക്രാഫ്റ്റ്‌ വർക്കുകൾ പരീക്ഷിക്കാം

ഇനി പൊതുവേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
*കുഞ്ഞുങ്ങളുടെ താൽപര്യം ഏതു മേഖയിലാണെന്ന് തിരിച്ചറിയാൻ നമുക്കീ കാലം ഉപയോഗിക്കാം
*അതു വഴി ആ മേഖലയിൽ കൂടുതൽ പരിശീലനം നൽകാൻ നമുക്ക്‌ ശ്രമിക്കാം. ഉദാഹരണത്തിനു നെറ്റിൽ ലഭ്യമാകുന്ന പല ട്യൂട്ടോറിയൽ ആപ്പ്‌ ഉപയോഗിച്ചും മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ്‌ പഠിക്കാനും ചിത്രകല അഭ്യാസിക്കാനും എന്തിനു സ്പെല്ലിംഗ്‌ പഠിക്കാൻ വരെ നമുക്ക്‌ കഴിയും

അപ്പോൾ നമുക്ക്‌ തുടങ്ങാം..അവർക്കായ്‌ നല്ലൊരു കാലം ഒരുക്കാം