‘എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പോലും അറിയാതെ പകച്ചുനിന്ന ദിവസങ്ങൾ, ആരും ഇത് തമാശയായി കാണരുത്’: കൊവിഡ് ഭേദപ്പെട്ട ഫുട്‌ബോളറുടെ വാക്കുകൾ

March 23, 2020

കൊവിഡ് വൈറസ് ബാധ ഭേദപ്പെട്ട ഐറിഷ് ഫുട്ബോൾ താരം ലീ ഡഫിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ദേയമാകുന്നത്. ‘രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞപ്പോൾ ശ്വാസം പോലും എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് പോലും മനസിലാകാതെ പകച്ചുനിന്ന ദിവസങ്ങൾ, അതുകൊണ്ടുതന്നെ ദയവുചെയ്ത് കൊറോണ വൈറസിനെ തമാശയായി ആരും കാണരുത്. വലിയ ഗൗരവമേറിയ കാര്യമാണിത്.’ ലീ ഡഫ് പറഞ്ഞു.

രണ്ടാഴ്ച മുൻപാണ് ലീ ഡഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ലീ ആശുപത്രിയിലെ ഐസൊലേഷനിൽ കഴിഞ്ഞു. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്, ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ രോഗം ഭേദപ്പെട്ട് തിരികെ വീട്ടിൽ എത്തിയിരിക്കുകയാണ് ലീ. ഈ സാഹചര്യത്തിലാണ് ആളുകളോട് സുരക്ഷിതരായി ഇരിക്കാൻ ലീ ആവശ്യപ്പെട്ടത്.

അതേസമയം കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽനിന്നും വന്നതിന് ശേഷം ആരോഗ്യപ്രവർത്തകരെയും മറ്റും അറിയിക്കാതെ പലരും ഒളിച്ചുകഴിയുകയാണ്. ഇത് വളരെയധികം ഗൗരവമുള്ള കാര്യമാണ്. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14, 613 ആയി. 3,35,511 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.