‘ഉത്തരവാദിത്തത്തോടെ പെരുമാറൂ’- ശ്രദ്ധേയമായി മമ്മൂട്ടി പങ്കുവെച്ച ചിത്രം

കൊവിഡ്-19 നിയന്ത്രിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് രാജ്യം. ഓരോ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നിർദേശങ്ങൾ അനുസരിച്ച് നിയമങ്ങൾ നടപ്പിലാക്കുകയാണ്. എന്നാൽ ജനങ്ങളിൽ പലരും വളരെ ലാഘവത്തോടെ പുറത്തിറങ്ങി നടക്കുകയും പോലീസ് സേനയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്.

തുടക്കത്തിൽ മാന്യമായി സംസാരിച്ച് മനസിലാക്കാൻ ശ്രമിച്ച പോലീസ് ആ ശ്രമം ഉപേക്ഷിച്ച് കടുത്ത നടപടികളിലേക്കും നീങ്ങി. ഇപ്പോൾ സർക്കാരിന്റെ നിർദേശങ്ങൾ തള്ളി പുറത്തിറങ്ങുന്നവരോട് ഒരു ചിത്രത്തിലൂടെ സംസാരിക്കുകയാണ് മമ്മൂട്ടി.

നിരത്തിലിറങ്ങിയ വാഹനങ്ങളെ കൈ കൂപ്പി താഴ്മയായി തടഞ്ഞുകൊണ്ട് നിരന്നു നിൽക്കുന്ന പോലീസ് സേനയുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിക്കുന്നു.

അതേസമയം കേരളത്തിൽ വാഹനം തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി. സിനിമ മേഖലയിൽ നിന്നും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി, പുറത്തിറങ്ങരുതെന്ന ബോധവൽക്കരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.