സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ്, സൗജന്യ റേഷൻ ഏപ്രിൽ ഒന്ന് മുതൽ നൽകും: മന്ത്രി പി തിലോത്തമൻ

March 30, 2020

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യവിഭവ മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്ത് 1600 ഔട്ട്‌ലെറ്റുകള്‍ വഴി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണംചെയ്യും. മൂന്ന് മാസത്തേയ്ക്കുള്ള ധാന്യം സംഭരിക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. കേന്ദ്രം വാഗ്ദാനം ചെയ്ത് ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രണ്ട് മൂന്ന് മാസത്തെ ധാന്യം എത്രയും വേഗത്തിൽ ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ ഉറപ്പാക്കും. കുടുംബത്തിലെ മുതിർന്ന അംഗം സത്യവാങ് മൂലം എഴുതി നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.