ലോക്ക് ഡൗൺ കാലത്ത് പാട്ട് പാടി ബോറടി മാറ്റാൻ ഗായകർ; ചലഞ്ച് ഏറ്റെടുത്ത് ബിജിബാലും മക്കളും

സംഹാരശേഷിയുള്ള രോഗവ്യാപനം തടയാൻ ലോകം ഒരു വീടുകളിലേക്കോ മുറികളിലേക്കോ ഒതുങ്ങിയിരിക്കുകയാണ്. സാമൂഹിക അകലം പുലർത്തുക എന്നതുമാത്രമാണ് കൊറോണ വൈറസിനെ നേരിടാനുള്ള ശക്തമായ മാർഗം. അതുകൊണ്ടുതന്നെ മുറികളിലും വീടുകളിലും ഒതുങ്ങിക്കൂടുകയാണ് ഓരോരുത്തരും. എന്നാൽ വീടുകളിൽ ഇരിക്കുന്നവരുടെ ബോറടിമാറ്റാൻ പാട്ട് ചലഞ്ചുമായി എത്തുകയാണ് ഒരുകൂട്ടം ഗായകർ.

എല്ലാ വേദനകളും ദുരിതങ്ങളും മറക്കാൻ ഏറ്റവും നല്ല ആയുധം സംഗീതം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ഗായകരാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. മക്കൾക്കൊപ്പം പാട്ട് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. ‘മഴപെയ്ത് പുഴവെള്ളം കരമുട്ടിയൊഴുകുമ്പോൾ’ എന്ന് തുടങ്ങുന്ന പാട്ടാണ് ബിജിബാൽ ആലപിക്കുന്നത്. ബിജിബാലിന്റെ പാട്ടിന് മകൻ ദേവദത്ത് കീബോർഡിൽ താളം പിടിക്കുന്നുമുണ്ട്.

മുഹ്‌സിൻ പെരാരിയിൽ നിന്നും ലഭിച്ച വെല്ലുവിളി ഏറ്റെടുത്തപ്പോൾ എന്ന അടിക്കുറുപ്പോടെയാണ് ബിജിബാൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു ഈ വീഡിയോ. ഗായിക സിത്താരയും നേരത്തെ ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു.