ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കും; തിരികെ നല്‍കുക ഏപ്രില്‍ 14 ന് ശേഷം

March 26, 2020

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും.

ഇതിനുപുറമെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൃത്യമായ രേഖകളില്ലാതെ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കും. ഏപ്രില്‍ 14 ന് ശേഷമായിരിക്കും വാഹനം വിട്ടുനല്‍കുക. അവശ്യ സര്‍വീസുകള്‍ക്ക് പുറത്തിറുങ്ങുന്നവര്‍ പൊലീസ് നല്‍കിയ പാസോ സ്ഥാപനങ്ങളുടെ പാസോ ഹാജരാക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് നേരെ കേസെടുക്കും. ഇത്തരക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്യും.

എന്നാല്‍ എത്ര വിലക്കിയിട്ടും നിരവധിയാളുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇവരെ ബോധവല്‍കരിച്ചും അഭ്യര്‍ത്ഥിച്ചും പൊലീസ് മടക്കി അയക്കുന്ന കാഴ്ചകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്.