വഴിയോരക്കച്ചവടക്കാരില്‍ നിന്നും പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും; കൈയടി നേടി പഞ്ചാബ് പൊലീസ്

March 25, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ജാഗ്രത തുടരുകയാണ് രാജ്യം. മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളും വീട്ടില്‍ത്തന്നെ കഴിയുകയാണ്. ഭക്ഷ്യ-മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ മാത്രമാണ് ലഭ്യമാകുക.

ജനങ്ങള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ചില വഴിയോര കച്ചവടക്കാര്‍. എന്നാല്‍ പണം നല്‍കി ഇവരില്‍ നിന്നും പച്ചക്കറികളും മറ്റും വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പഞ്ചാബിലെ പൊലീസ് ഉദ്യോഗസ്ഥര്‍. നിരവധിപ്പേരാണ് കൊറോണക്കാലത്തെ നന്മ നിറഞ്ഞ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

കൊവിഡ് 19 നെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാര്‍ഗ്ഗമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യ വ്യാപകമായി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 11 പേര്‍ കൊവിഡ് 19 രോഗം മൂലം മരണപ്പെട്ടു. 562 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയാന്‍ സംസ്ഥാന തലത്തിലും കനത്ത ജാഗ്രത തുടരുകയാണ്.