കൊവിഡ് വിമുക്തരായ റാന്നി സ്വദേശികള്‍ പകരുന്ന ആശ്വാസം ചെറുതല്ല

കൊറോണ ഭീതി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും രോഗവിമുക്തരായവര്‍ നല്‍കുന്ന കരുത്തും പ്രതീക്ഷയും ചെറുതല്ല. കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളായ അഞ്ച് പേരും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ 3 അംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് ഡിസ്ചാര്‍ജ് ആയത്.

മാര്‍ച്ച് എട്ടിനാണ് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. ഇവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം അണു വിമുക്തമാക്കി. രോഗം ഭേദമായതിന്റെ സര്‍ട്ടിഫിക്കേറ്റും ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം 14 ദിവസങ്ങള്‍ കൂടി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ മകളും മരുമകനും കൊവിഡില്‍ നിന്നും വിമുക്തരായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.