കൊവിഡ്-19: റേഷൻ കടകളുടെ പ്രവർത്തന സമയത്തിലും മാറ്റം

കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയുമാണ് പ്രവർത്തന സമയം. ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ രണ്ടു മണി വരെയുള്ള സമയം റേഷൻ കടകൾ അടച്ചിടുമെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മണി വരെയാണ് തുറന്നുപ്രവർത്തിക്കുന്നത്. അതേസമയം അനാവശ്യമായി യാത്രകൾ നടത്തുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് നിർദ്ദേശം.