തമിഴ്‌നാട്ടിൽ നാളെ മുതൽ മാർച്ച് 31 വരെ നിരോധനാജ്ഞ

March 23, 2020

കൊവിഡ് വ്യാപനത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നാളെ (24-03-2020) മുതൽ മാർച്ച് 31 വരെ നിരോധനാജ്‌ഞ. അതോടൊപ്പം ജില്ലാ അതിർത്തികൾ അടച്ചിടാനും നിർദ്ദേശങ്ങളുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടികൾ. എന്നാൽ അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കും.

അതേസമയം സംസ്ഥാനത്ത് ഇതുവരെ ഒമ്പത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. 54 പേർ ആശുപത്രികളിലും 9400 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിരോധനാജ്‌ഞയുടെ ഭാഗമായി നാലിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്നും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്. എന്നാൽ അവശ്യസേവനങ്ങൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാം. തൊഴിലാളികൾക്ക് വീട്ടിൽ ഇരുന്ന് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ദിവസവേതനക്കാർ ഉൾപ്പെടെയുള്ളർക്ക് ശമ്പളം, ഗർഭിണികൾക്കും കുട്ടികൾക്കും പോഷകവസ്തുക്കൾ എന്നിവ എത്തിച്ചുനൽകാനും നിർദ്ദേശങ്ങൾ ഉണ്ട്.