കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നവർക്ക് അധിക ശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അധിക ശമ്പളം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്കാണ് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക സർക്കാർ നൽകുന്നത്. മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇത് പ്രഖ്യാപിച്ചത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവിൽ എയർ ആംബുലൻസ് സേവനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊറോണ വൈറസ് ബാധ തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 31 വരെയാണ് നിരോധനാജ്‌ഞ. അതോടൊപ്പം ജില്ലാ അതിർത്തികൾ അടച്ചിടാനും നിർദ്ദേശങ്ങളുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടികൾ. എന്നാൽ അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കും.

നിരോധനാജ്‌ഞയുടെ ഭാഗമായി നാലിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്നും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്. എന്നാൽ അവശ്യസേവനങ്ങൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാം. തൊഴിലാളികൾക്ക് വീട്ടിൽ ഇരുന്ന് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ദിവസവേതനക്കാർ ഉൾപ്പെടെയുള്ളർക്ക് ശമ്പളം, ഗർഭിണികൾക്കും കുട്ടികൾക്കും പോഷകവസ്തുക്കൾ എന്നിവ എത്തിച്ചുനൽകാനും നിർദ്ദേശങ്ങൾ ഉണ്ട്.