”താരമെന്ന നിലയിലല്ല ഇന്ത്യന്‍ പൗരനെന്ന നിലയില്‍ പറയുന്നു; ദയവായി നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ”: വിരാട് കോലി

ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ കഴിയണമെന്നാണ് സംസ്ഥാന സര്‍ക്കാരുകളും ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നല്ലൊരു വിഭാഗം ആളുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനാവശ്യമായി നിരത്തിലിറങ്ങുന്നു.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളാണ് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഗൗരവമായിക്കാണണമെന്ന് വിരാട് കോലി പറഞ്ഞു. നിലവിലെ സാഹചര്യം മനസ്സിലാക്കി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ തയാറാവണം. ഇന്ത്യന്‍ താരമെന്ന നിലയിലല്ല, ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നത് എന്നും കോലി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് 19 രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല. 887 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 20 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.