സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; ആശ്വാസം പകർന്ന് 27 പേർക്ക് രോഗവിമുക്തി

കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ മൂന്നുപേർക്കും, കണ്ണൂർ, മലപ്പുറം ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് അസുഖം ബാധിച്ചത്. ഇന്ന് സംസ്ഥാനത്തിന് ആശ്വാസത്തിന്റെ ദിനം കൂടിയാണ്. 27 പേർക്ക് രോഗം ഭേദമായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്ന് പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

കൊവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗവിമുക്തരായത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.