ബിഎസ്എൻഎൽ ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്റ് സേവനം നൽകും: മുഖ്യമന്ത്രി

കൊവിഡ്- 19 വ്യാപനത്തെ ചെറുക്കാന്‍ നിരവധി നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ബിഎസ്എൻഎൽ ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്റ് സേവനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ പ്ലാൻ ലഭിക്കും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം  അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിരവധി കമ്പനികൾ വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. വീട്ടിൽ ഇരുന്ന് ഇന്റർനെറ്റിൽ സിനിമകളും വാർത്തകളും കാണുന്നവരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ ഇരിക്കുന്നവർക്ക് സഹായവുമായി എത്തുകയാണ് സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.

ബി‌എസ്‌എൻ‌എൽ കണക്ഷൻ ഉള്ളവർക്ക് ടെലികോം ഓപ്പറേറ്റർ വഴി ബ്രോഡ്ബാൻഡ് ലൈനുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഒരു മോഡത്തിന്റ സഹായത്തോടെ ഇന്റെർനെറ്റ് കണക്ഷൻ ലഭ്യമാകും. ഇത് സംബന്ധിച്ച് വിവരങ്ങൾ ബി‌എസ്‌എൻ‌എൽ ഡയറക്ടർ (സി‌എഫ്‌എ) വിവേക് ബൻസാൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഈ സൗകര്യങ്ങൾ ഓൺലൈൻ ആയി നൽകും ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യം ഇല്ല.