കൊറോണക്കാലത്ത് കേരളത്തിൽ കുടുങ്ങിയത് അനുഗ്രഹമായി: ദിമിതർ പാൻഡേവ്

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേരളം സ്വീകരിക്കുന്ന മാർഗങ്ങൾ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചിരുന്നു. കൊറോണക്കാലത്ത് കേരളത്തിൽ കുടുങ്ങിയത് അനുഗ്രഹമായി എന്ന് പറയുകയാണ് ബൾഗേറിയൻ ഫുട്ബോൾ‌ പരിശീലകൻ ദിമിതർ പാൻഡേവ്.

കഴിഞ്ഞ മാർച്ച് നാലിനാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു ഫുട്ബോൾ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതർ പാൻഡേവ് കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ അന്നുമുതൽ തനിക്കുണ്ടായ അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാൻഡേവ്.

പാൻഡേവ് കേരളത്തിലെത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കൊറോണ വൈറസിനെ മഹാമാരിയായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. ഈ സമയത്ത് നാട്ടിലേക്കു മടങ്ങാൻ കഴിയാത്തതിൽ അതീവ ദുഖത്തിലായിരുന്നു പാൻഡേവ്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ പ്രതിസന്ധി ഘട്ടത്തെ കേരളം നേരിടുന്ന കാഴ്ച സത്യത്തിൽ എന്നിൽ അത്ഭുതം സൃഷ്ടിച്ചെന്നും പാൻഡേവ് കുറിച്ചു.

പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയിലാണ് പാൻഡേവ് ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടത്. തനിക്ക് എല്ലാ രീതിയിലുള്ള കരുതലും ഇവിടെ നിന്നും ലഭിച്ചു. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി വളരെ ഭീതി ജനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിൽ കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാൻ ഭാഗ്യവാനാണ്. കേരളത്തിൽ നേരിട്ടെത്തി എന്റെയും കുടുംബത്തിന്റെയും നന്ദി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ഉൾപ്പെടെയുള്ളവരെ അറിയിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും പാൻഡേവ് അറിയിച്ചു.