രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു, 1035 പേർ രോഗമുക്തരായി

April 14, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 10363 പേർക്ക്. ഇതിൽ 1035 പേർ രോഗവിമുക്തരായി. 8988 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ 339 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിൽ 160 പേരും മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 1211 പോസിറ്റീവ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം മഹാരാഷ്ട്രയ്ക്കു പുറമെ മധ്യപ്രദേശിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്ന് മാത്രം മധ്യപ്രദേശിൽ 126 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ 43 പേർ വൈറസ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ ഇതുവരെ 1510 പേർക്ക് രോഗം സ്ഥിരീകരിച്ചു. 28 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഗുജറാത്തിൽ 26 പേരും, തെലുങ്കാനയിൽ 16 പേരും കൊവിഡ് ബാധിച്ച് മരിച്ചു. കേരളത്തിൽ ഇതുവരെ 2 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.