ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തൂക്കിയെടുക്കാന്‍ രംഗത്തിറങ്ങി യമരാജനും: വീഡിയോ

സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. നല്ലൊരു വിഭാഗം ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. എന്നാല്‍ ചിലരാകാട്ടെ അനാവശ്യ കാര്യങ്ങള്‍ക്കായി പൊതു ഇടങ്ങളിലേയ്ക്ക് ഇറങ്ങുന്നു.

ഇത്തരക്കാരെ നിയന്ത്രിക്കാനും പിടികൂടാനുമൊക്കെ വിവിധ രീതികളാണ് പല സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ സ്വീകരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച ഒരു മാര്‍ഗ്ഗം ശ്രദ്ധ നേടുന്നു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തൂക്കിയെടുക്കാന്‍ സാക്ഷാല്‍ യമരാജനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറക്കിയത്.

Read more: ബാല്‍ക്കണിയില്‍ നിന്നും ഒരു തകര്‍പ്പന്‍ ഡൈവ്; ആളൊഴിഞ്ഞ സ്വിമ്മിങ് പൂള്‍ കൈയടക്കി കുരങ്ങന്‍മാര്‍: വൈറല്‍ വീഡിയോ

ഒരു മൈക്കും കൈയില്‍ പിടിച്ചാണ് യമരാജന്‍ വീഥികളിലൂടെ നടക്കുന്നത്. ‘ഞാന്‍ യമരാജന്‍. ഞാന്‍ കൊറോണ വൈറസ്. നിങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ ഗ്രഹത്തില്‍ ഒരു മനുഷ്യനും അവശേഷിക്കില്ല. നിങ്ങള്‍ അശ്രദ്ധമായി പെരുമാറിയാല്‍ എന്നോടൊപ്പം നിങ്ങളെ കൊണ്ടുപോകും…’ മൈക്കിലൂടെ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യമരാജന്റെ നടപ്പ്.

ഇതിനുപുറമെ കൊവിഡ് 19 നെ ചെറുക്കാന്‍ നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും യമരാജന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജനങ്ങളില്‍ കൊവിഡ് 19 നെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു രീതി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്.